കോട്ടയം: പോലീസ് ഉദ്യോഗസ്ഥന് കഞ്ചാവിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ക്ലാസെടുത്ത് സോഷ്യൽ മീഡിയായിൽ വൈറലായ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിൽ. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് കൊടിമറ്റത്ത് കെ.ഡി. ഷെബിനെയാണ് (37) ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘവും പള്ളിക്കത്തോട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
നേരത്തെ പള്ളിക്കത്തോട് സിഐയും നിലവിൽ മലപ്പുറം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പിയുമായ കെ.പി. ടോംസണാണ് ഷെബിനെ കഞ്ചാവുമായി പിടികൂടിയത്. അന്ന് പോലീസ് ഉദ്യോഗസ്ഥനോട് കഞ്ചാവിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ഷെബിൻ വിശദീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു.
ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഷെബിൻ വീണ്ടും കഞ്ചാവ് വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി യു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സംഘം ഇയാളെ നിരീക്ഷിക്കുകയായിരുന്നു.
വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയപ്പോഴാണ് ഷെബിനെ പോലീസ് സംഘം പിടികൂടിയത്. ഇയാൾക്ക് കഞ്ചാവ് ലഭിച്ച ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.